
തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ മുൻ വിഭാഗം മേധാവി ഡോ. എം.കെ. റാമിന് തിരിച്ചടി. ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (നാല്) തള്ളി. അതേസമയം, കേസിലെ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ വിശദമായ വാദം പൂർത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് വിധി പ്രസ്താവിച്ചത്.
പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിൽ (SC/ST Act) നിന്ന് രക്ഷപ്പെടാനായി ഡോ. റാം കോടതിയിൽ വ്യാജ രേഖകൾ ഹാജരാക്കിയെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. താൻ പട്ടികജാതി വിഭാഗക്കാരനാണെന്ന് കാണിച്ച് റാം കോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ, റാം കർണാടകയിൽ ഒ.ബി.സി വിഭാഗത്തിലാണ് ജനിച്ചതെന്ന് തെളിവുകൾ സഹിതം പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. ജാതി അധിക്ഷേപം നടന്നുവെന്ന വാദത്തിന് ഇത് കരുത്തേകി. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം.കെ. റാം നിതിൻ രാജിനെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ മൊഴി നൽകിയിരുന്നു. പഠനകാര്യങ്ങളിലും ജാതിയുടെ പേരിലും നിരന്തരമായി നേരിട്ട വിവേചനമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. രണ്ടാം പ്രതിയുടെ ജാമ്യവിധി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും, കുടുംബവുമായി ആലോചിച്ച് അപ്പീൽ നൽകുന്ന കാര്യം തീരുമാനിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.