
കണ്ണൂര്‍: പന്ന്യന്നൂരില്‍ ഉഗ്രശേഷിയുള്ള മൂന്ന് ബോംബുകള്‍ പോലീസ് കണ്ടെടുത്തു. പന്ന്യന്നൂര്‍ കൂറുമ്പക്കാവ് പരിസരത്തെ ചിത്രവയലില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പറമ്പിലെ ഒരു മാളത്തില്‍ ഒളിച്ചു വെച്ച നിലയിലായിരുന്നു ഇവ. സംഭവമറിഞ്ഞ് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് സ്ക്വാഡ് അംഗങ്ങള്‍ ബോംബുകള്‍ സുരക്ഷിതമായി അവിടെ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.