പശ്ചിമേഷ്യയിൽ നിർണ്ണായക വഴിത്തിരിവ്; ഇസ്രയേൽ – ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്.

Jaihind News Bureau
Friday, April 17, 2026

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി ഇസ്രയേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപിന്റെ പ്രഖ്യാപനം വന്നത്.

ഏപ്രിൽ 16 രാത്രി ഒൻപത് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് അറിയിച്ചു. മേഖലയിലെ യുദ്ധാന്തരീക്ഷം ലഘൂകരിക്കുന്നതിനും സമാധാനം തിരികെ കൊണ്ടുവരുന്നതിനും ഈ പത്ത് ദിവസത്തെ വെടിനിർത്തൽ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യത്തലവന്മാരെയും കൂട്ടി ട്രംപ് വൈറ്റ് ഹൗസിലേക്ക് പ്രവേശിച്ചു.

സമാധാന കരാറിനോട് സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അമേരിക്ക ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി. കരാറിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ ഈ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.