
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ കടുത്ത പ്രതിസന്ധി. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിയെ സാരമായി ബാധിച്ചതോടെ ഗാര്‍ഹിക-വാണിജ്യ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സിലിണ്ടര്‍ ബുക്കിംഗില്‍ കര്‍ശന നിയന്ത്രണങ്ങളും വില വര്‍ദ്ധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇറാന്-ഇസ്രായേല്‍-യുഎസ് സംഘര്‍ഷം നീളുന്നത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാവുകയാണ്. രാജ്യത്തിന്റെ പാചകവാതക ഇറക്കുമതിയുടെ ഭൂരിഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ വിതരണ ശൃംഖലയെ താളം തെറ്റിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതും പ്രതിസന്ധി രൂക്ഷമാക്കി.
സാഹചര്യം കണക്കിലെടുത്ത് എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരം അടിയന്തര നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. പൂഴ്ത്തിവെപ്പ് ഒഴിവാക്കാന്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25 ദിവസത്തെ ബുക്കിംഗ് ഇടവേള നിര്‍ബന്ധമാക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍, റിഫൈനറികള്‍ ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കണമെന്നും, അധികമായി ലഭിക്കുന്ന എല്‍പിജി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി മാത്രം മാറ്റിവെക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കും. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇത് ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൂന്നംഗ സമിതിയുടെ നിരീക്ഷണത്തില്‍ വിതരണം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.