
പശ്ചിമേഷ്യയില്‍ ഇറാന് നടത്തുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാന് ആരംഭിച്ച പ്രത്യാക്രമണത്തില്‍ തങ്ങളുടെ സൈനികര്‍ക്ക് ജീവന് നഷ്ടമായെന്ന് അമേരിക്ക ആദ്യമായാണ് ഔദ്യോഗികമായി സമ്മതിക്കുന്നത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
‘ഓപ്പറേഷന് എപിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനില്‍ സൈനിക നീക്കം തുടങ്ങിയ ശേഷം ആദ്യമായാണ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളിലാണ് മരണം സംഭവിച്ചത്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ്. എബ്രഹാം ലിങ്കണ് നേരെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും അവ ലക്ഷ്യം കണ്ടതായും ഇറാന് റെവല്യൂഷണറി ഗാര്‍ഡ് (ഐ.ആര്.ജി.സി) അവകാശപ്പെട്ടിരുന്നു. ‘ഓപ്പറേഷന് ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമാണിതെന്നാണ് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇറാന്റെ അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) പൂര്‍ണ്ണമായും തള്ളി. മിസൈലുകള്‍ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും എബ്രഹാം ലിങ്കണ് സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. പശ്ചിമേഷ്യയിലെ അമേരിക്കന്‍-സയണിസ്റ്റ് സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്ന് ഐ.ആര്.ജി.സി ആവര്‍ത്തിച്ചു. സൈനിക കമാന്‍ഡര്‍മാരുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. സൈനികരുടെ മരണം സ്ഥിരീകരിച്ചതോടെ അമേരിക്ക തിരിച്ചടി ശക്തമാക്കുമെന്നാണ് സൂചന. മേഖലയില്‍ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.