
തിരുവനന്തപുരം: ഇറാന്റെ പരമാധികാരത്തിന് മേലുള്ള അമേരിക്കന്‍ അധിനിവേശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുദ്ധം മനുഷ്യരാശിയോടുള്ള അനീതിയാണെന്നും വിനാശകരമായ ഈ പോരാട്ടം നയിക്കുന്നവര്‍ മനുഷ്യവംശത്തിന്റെ ഭാവിയോടാണ് ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളുമാണ് എപ്പോഴും യുദ്ധത്തിന്റെ ഇരകളായി മാറുന്നത്. നിലവിലെ സംഘര്‍ഷത്തിലും അനേകം നിരപരാധികളുടെ ജീവന് നഷ്ടമായിക്കഴിഞ്ഞു. ഈ ഹീനമായ കുറ്റകൃത്യം ഇനി ഒരു നിമിഷം പോലും വൈകാതെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ എക്കാലവും സ്വീകരിച്ചിട്ടുള്ള നീതിയുക്തവും പക്ഷപാതരഹിതവുമായ നിലപാടുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിക്കുന്ന ലോകരാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളേണ്ടത്. ലോകത്ത് സമാധാനം ഉറപ്പുവരുത്താന്‍ രാഷ്ട്രത്തലവന്മാരുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധബാധിത രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. യുദ്ധമുഖത്ത് കുടുങ്ങിപ്പോയ ഉറ്റവരെയോര്‍ത്ത് ആശങ്കപ്പെടുന്ന കുടുംബങ്ങളുടെ ഭയമകറ്റാനുള്ള നീക്കങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാര്‍ച്ച് 2-ന് സമാധാന സംഗമം
മനുഷ്യരാശിയുടെ സമാധാനത്തിനായി കെപിസിസിയുടെ ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2-ന് വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിച്ച് ‘സമാധാന സംഗമസദസ്സ്’ സംഘടിപ്പിക്കും. ലോകസമാധാനം പുനഃസ്ഥാപിക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് കോണ്‍ഗ്രസ് ഈ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്നും സണ്ണി ജോസഫ് അറിയിച്ചു.