
തിരുവനന്തപുരം: കണ്ണൂരിലെ കെ.എസ്.യു പ്രതിഷേധത്തിന് നേരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രകടനം വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ സ്വായത്തമാക്കിയ അഭിനയ കലയുടെ തുടര്‍ച്ചയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. പ്രതിഷേധക്കാരെ കാണുമ്പോള്‍ ‘അന്യന്‍’ സിനിമയിലെ വിക്രമിനെപ്പോലെ പാഞ്ഞടുക്കുന്ന മന്ത്രി, അവര്‍ പോയിക്കഴിഞ്ഞാല്‍ ‘അമ്പി’യെപ്പോലെ പെട്ടെന്ന് തരംമാറി അഭിനയിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
മന്ത്രിയുടെ വാദങ്ങള്‍ ഓരോന്നായി പൊളിച്ചടുക്കിയാണ് ഒ.ജെ ജനീഷ് രംഗത്തെത്തിയത്. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ തൊട്ടടുത്തേക്ക് പോലും എത്തിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥ മന്ത്രിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ‘എന്തിനാടാ നിന്റെയൊക്കെ പ്രതിഷേധം’ എന്ന് ആക്രോശിക്കുന്ന മന്ത്രിക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല. മന്ത്രിയുടെ കൈയ്യിലെ മുറിവ് സമരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള പരിപാടികളിലെ ഫോട്ടോകളിലും കാണാം. ഇത് പുതിയ പരിക്കാണെന്ന് വരുത്തിത്തീര്‍ക്കുന്നത് അപഹാസ്യമാണ്.
കഴിഞ്ഞ ദിവസം ‘ഇരുവര്‍’ സിനിമയിലെ മോഹന്‍ലാലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനയിച്ച് തോല്‍പ്പിച്ചെങ്കില്‍, ഇന്ന് സംഘര്‍ഷ സ്ഥലത്ത് വെച്ച് മുഖ്യമന്ത്രിയെപ്പോലും അഭിനയിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് ആരോഗ്യ മന്തിയെന്ന് ജനീഷ് പറഞ്ഞു. ‘യാരമ്മ നീങ്കെ’ എന്ന് കേരള ജനത പകച്ചുനിന്നു ചോദിക്കുന്ന രീതിയിലാണ് മന്ത്രിയുടെ അഭിനയസിദ്ധിയെന്നും അദ്ദേഹം പരിഹസിച്ചു.
യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും കയ്യേറ്റം ചെയ്യുമെന്ന് വെല്ലുവിളിക്കുന്ന മന്ത്രി വി. ശിവന്‍കുട്ടി താന്‍ ഒരു മന്ത്രിയാണെന്ന കാര്യം മറക്കരുത്. അത് ഓര്‍മ്മിപ്പിക്കാന്‍ ഒരു പ്രത്യേക സ്റ്റാഫിനെ കൂടി അദ്ദേഹത്തിന്റെ വകുപ്പില്‍ വെക്കേണ്ടതുണ്ടെന്നും ജനീഷ് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വസീഫിന് ആര്‍ജ്ജവമുണ്ടെങ്കില്‍ പരാജയപ്പെട്ട ആരോഗ്യ മന്ത്രിക്കെതിരെയാണ് സമരം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ അഭിനയത്തില്‍ വേദനിക്കുന്നവര്‍, കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയുടേയും കണ്ണ് നഷ്ടപ്പെട്ട സനൂപിന്റേയും വേദന കാണുന്നില്ല. ആരോഗ്യവകുപ്പിന്റെ വീഴ്ചകള്‍ക്ക് ഇരയാക്കപ്പെട്ട ആ കുടുംബങ്ങളുടെ പ്രാര്‍ത്ഥന ഉള്ളിടത്തോളം കാലം കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഒ.ജെ ജനീഷ് വ്യക്തമാക്കി.