വീണയുടെ നാടകം കേരളത്തിന് അപമാനം; സിപിഎം ദൃശ്യങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്ന് ദീപ്തി മേരി വര്‍ഗീസ്

Jaihind News Bureau
Wednesday, February 25, 2026

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇപ്പോള്‍ കളിക്കുന്നത് നാണംകെട്ട നാടകമാണെന്നും ഇത് കേരളത്തിന്റെ പൊതുരംഗത്തിന് തന്നെ അപമാനകരമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന മന്ത്രിയുടെ വ്യാജ പ്രചാരണം നാടിനെ കലാപകലുഷിതമാക്കാനുള്ള നീക്കമാണെന്ന് ദീപ്തി ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ മന്ത്രിയുടെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുന്നതാണെന്ന് ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി. ‘ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പോലീസുകാര്‍ മന്ത്രിയെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നത് വ്യക്തമാണ്. സമരക്കാര്‍ മന്ത്രിയുടെ ഏഴയലത്ത് വന്നിട്ടില്ല. എന്നിട്ടും കെ.എസ്.യുക്കാര്‍ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്താന്‍ നിങ്ങള്‍ക്ക് എന്ത് രാഷ്ട്രീയ ധാര്‍മികതയാണുള്ളത്?’ – ദീപ്തി ചോദിച്ചു.

കണ്‍മുന്നിലുള്ള ദൃശ്യങ്ങളെപ്പോലും അവഗണിച്ച് ജനങ്ങളെ നോക്കി കൊഞ്ഞനം കുത്താനാണ് സി.പി.എം നേതാക്കള്‍ ശ്രമിക്കുന്നത്. സത്യം പറയുന്ന ദൃശ്യങ്ങളെ തള്ളി കള്ളം പറയുന്ന ഈ പാര്‍ട്ടി ഭരണത്തില്‍ എത്രമാത്രം കൊള്ളകളും കള്ളങ്ങളും നടത്തിയിട്ടുണ്ടാകുമെന്നും അവര്‍ ചോദിച്ചു.

ആരോഗ്യവകുപ്പില്‍ നിരന്തരം സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകള്‍ക്കെതിരെയാണ് പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യുന്നത്. ഈ സമരങ്ങള്‍ ജനാധിപത്യത്തില്‍ അനിവാര്യമാണ്. വീഴ്ചകള്‍ തിരുത്താനും ആവര്‍ത്തിക്കുമ്പോള്‍ പദവിയില്‍ നിന്ന് മാറിനില്‍ക്കാനുമുള്ള രാഷ്ട്രീയ ഔന്നത്യമാണ് മന്ത്രി കാണിക്കേണ്ടത്. അതിനുപകരം സമരക്കാര്‍ക്ക് നേരെ ആക്രോശിച്ച് പാഞ്ഞടുക്കുന്നത് കേരളത്തിന് ഭൂഷണമല്ല.

സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ കൂട്ടത്തെ തിരിച്ചറിയാന്‍ കേരള സമൂഹത്തിന് കിട്ടിയ ഒരു ഉദാഹരണമാണ് ഈ സംഭവമെന്നും വ്യാജ പ്രചാരകരെ ജനങ്ങള്‍ വിലയിരുത്തണമെന്നും ദീപ്തി മേരി വര്‍ഗീസ് ആഹ്വാനം ചെയ്തു.