നവകേരള സര്‍വ്വേ അധികാര ദുര്‍വിനിയോഗം; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, February 20, 2026

 

ആലുവ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വ്വേക്കെതിരെയും ആരോഗ്യവകുപ്പിന്റെ വീഴ്ചകള്‍ക്കെതിരെയും കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നവകേരള സര്‍വ്വേ എന്നത് സര്‍ക്കാര്‍ ചെലവില്‍ വോട്ട് പിടിക്കാനുള്ള തന്ത്രമാണെന്നും ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അധികാര ദുര്‍വിനിയോഗമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഈ രാഷ്ട്രീയ നീക്കത്തിന് കുടപിടിക്കുന്ന ഉദ്യോഗസ്ഥര്‍ നാളെ മറുപടി പറയേണ്ടി വരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. ‘ഇത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഇത് ഓര്‍ക്കണം. കേരളത്തില്‍ ഭരണം മാറും. സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നതും ഗൗരവകരമാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ പോയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന് വേണ്ടി കെ.കെ. വേണുഗോപാലാണ് ഹാജരാകുന്നത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ അവസ്ഥ ദയനീയമാണെന്ന് ചെന്നിത്തല പറഞ്ഞു. ‘മെഡിക്കല്‍ കോളേജുകളിലേക്ക് നടന്നു പോകുന്നവന്‍ മൂക്കില്‍ പഞ്ഞി വെച്ച് മടങ്ങേണ്ടി വരുന്ന അവസ്ഥയാണിന്ന്. ശസ്ത്രക്രിയയിലെ വീഴ്ചകള്‍ അങ്ങേയറ്റത്തെ തോന്നിവാസമാണ്. ഇതിന്റെയെല്ലാം ചിലവ് ജനങ്ങളുടെ തലയിലല്ലേ വരുന്നത്?’ അദ്ദേഹം ചോദിച്ചു. സിസ്റ്റത്തിന്റെ തകരാറാണ് പ്രശ്‌നമെന്ന് പറയുന്ന ആരോഗ്യമന്ത്രിക്ക് നേരെയും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു. സിസ്റ്റത്തിലെ പിഴവുകള്‍ പരിഹരിക്കാനല്ലേ മന്ത്രിയെ ഇരുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.