
അമ്പലപ്പുഴ: കളിക്കുന്നതിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവല്‍ ലിബി- മഞ്ജു ദമ്പതികളുടെ മകന്‍ അഭിഷേകി (11)ന്റെ മൃതദേഹമാണ് പായല്‍ക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടല്‍ത്തീരത്തു കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടു മുതലാണ് കുട്ടിയെ കാണാതായത്.
കുട്ടിയുടെ വസ്ത്രങ്ങള്‍ കടപ്പുറത്ത് കടല്‍ഭിത്തിക്കു മുകളില്‍ കണ്ടെത്തിയിരുന്നു. കെ.കെ.കുഞ്ചു പിള്ള സ്മാരക സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിഷേക് വൈകിട്ട് സ്‌കൂളില്‍ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി കളിക്കാന്‍ പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അമ്പലപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടിയുടെ വസ്ത്രങ്ങള്‍ കടപ്പുറത്ത് കടല്‍ഭിത്തിയുടെ കല്ലില്‍ കിടക്കുന്നതായി കണ്ടെത്തി. തോട്ടപ്പള്ളി തീരദേശ പോലീസ് ബോട്ടുകളിലും മത്സ്യതൊഴിലാളികള്‍ കടലില്‍ പൊന്തുവള്ളത്തിലും, മറ്റു വള്ളങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെയാണ് കുട്ടി കടലില്‍ ഇറങ്ങിയതിന് തെക്കു ഭാഗത്തേക്ക് മാറി മൃതദേഹം കണ്ടെത്തിയത്.