
തിരുവനന്തപുരം: മരണാനന്തരവും നാല് കുരുന്നുകളിലൂടെ ജീവിതത്തിലേക്ക് മടങ്ങുകയാണ് പത്തുമാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത ധീരമായ തീരുമാനം നാല് കുടുംബങ്ങള്‍ക്കാണ് പ്രതീക്ഷ പകരുന്നത്. മല്ലപ്പള്ളി സ്വദേശികളായ എബ്രഹാമിന്റെയും ഷെറിന്റെയും മകളായ ആലിന്റെ അവയവങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഇന്നലെ രാത്രിയോടെയാണ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.
ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മാറ്റി വെക്കുകയാണ്. കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കരള്‍ മാറ്റി വെക്കുന്നത്. സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ ഇപ്പോഴും തുടരുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പത്തു വയസ്സുള്ള കുട്ടിക്കാണ് വൃക്കകള്‍ ദാനം ചെയ്തത്. ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഹൃദയവാല്‍വ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ അര്‍ഹരായവരിലേക്ക് ഉടന്‍ എത്തിക്കും.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് മാതാപിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 7.13-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് എം.സി റോഡ് വഴി വെറും മൂന്നര മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തെത്തിയത്. പോലീസും പൊതുജനങ്ങളും ഒരുക്കിയ സുഗമമായ പാതയിലൂടെ അതിവേഗം അവയവങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആലിന്റെ ഭൗതികദേഹം മല്ലപ്പള്ളിയിലെ വസതിയില്‍ എത്തിച്ചു. സംസ്കാര ചടങ്ങുകള്‍ നാളെ വൈകിട്ട് 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ നടക്കും.