‘വാഷിങ്ടൺ പോസ്റ്റി’ൽ പ്രതിസന്ധി: കൂട്ടപ്പിരിച്ചുവിടൽ, പിന്നാലെ സിഇഒയുടെ രാജി

Jaihind News Bureau
Sunday, February 8, 2026

 

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ പത്രമായ ‘വാഷിങ്ടണ്‍ പോസ്റ്റ്’ പ്രസാധകനും സിഇഒയുമായ വില്‍ ലൂയിസ് സ്ഥാനം ഒഴിഞ്ഞു. സ്ഥാപനത്തില്‍ 300-ഓളം മാധ്യമപ്രവര്‍ത്തകരെ കൂട്ടമായി പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ലൂയിസിന്റെ അപ്രതീക്ഷിത രാജി. പത്രത്തിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെഫ് ഡി ഓനോഫ്രിയോ താല്‍ക്കാലിക ചുമതലയേല്‍ക്കുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വാഷിങ്ടണ്‍ പോസ്റ്റിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള പല തീരുമാനങ്ങളും എടുക്കേണ്ടി വന്നുവെന്നും സ്ഥാനമൊഴിയാന്‍ ഇതാണ് ശരിയായ സമയമെന്നുമാണ് ലൂയിസ് കുറിച്ചത്. സ്ഥാപന ഉടമ ജെഫ് ബെസോസിനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. 2024 ജനുവരിയില്‍ ചുമതലയേറ്റ ലൂയിസിന്റെ കാലയളവ് നിരവധി വിവാദങ്ങള്‍ക്കും എക്സിക്യൂട്ടീവ് എഡിറ്റര്‍ സാലി ബുസ്ബിയുടെ വിടവാങ്ങലിനും സാക്ഷ്യം വഹിച്ചിരുന്നു. വാര്‍ത്തകള്‍ക്കായി പണം നല്‍കുന്നതടക്കമുള്ള ആരോപണങ്ങളും ലൂയിസിനെതിരെ ഉയര്‍ന്നിരുന്നു.

വില്‍ ലൂയിസിന്റെ രാജിയെ വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ‘വാഷിങ്ടണ്‍ പോസ്റ്റ് ഗില്‍ഡ്’ സ്വാഗതം ചെയ്തു. ഒരു മഹത്തായ പത്രസ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയായാകും ലൂയിസ് അറിയപ്പെടുകയെന്ന് ഗില്‍ഡ് വിമര്‍ശിച്ചു. നിലവിലെ പിരിച്ചുവിടലുകള്‍ പിന്‍വലിക്കാന്‍ ജെഫ് ബെസോസ് തയ്യാറാകണമെന്നും അല്ലെങ്കില്‍ പത്രം വില്‍ക്കാന്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌പോര്‍ട്‌സ്, ബുക്‌സ് വിഭാഗങ്ങള്‍ നിര്‍ത്തലാക്കിയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും ബ്യൂറോകള്‍ അടച്ചുപൂട്ടിയുമാണ് പത്രം ചെലവ് ചുരുക്കുന്നത്. ശശി തരൂര്‍ എംപിയുടെ മകന്‍ ഇഷാന്‍ തരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കും ഈ പിരിച്ചുവിടലില്‍ ജോലി നഷ്ടമായിരുന്നു.