“സത്യത്തെ ഭയന്ന് മോദി നുണകളിൽ അഭയം തേടി”; രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് റാലി പോലെയെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Friday, February 6, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി സത്യത്തെ വളരെയധികം ഭയപ്പെടുന്നുവെന്നും അതിനാൽ അദ്ദേഹം നുണകളിൽ അഭയം തേടിയിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു. ഏതാനും ചോദ്യങ്ങൾ ചോദിച്ചപ്പോൾ പ്രധാനമന്ത്രി ഇത്രയധികം പരിഭ്രാന്തനായത് എന്തിനാണെന്ന് അറിയാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. 2020-ലെ സംഘർഷ സമയത്ത് പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറുകയും അത് ജനറലിന്റെ തലയിൽ കെട്ടിവെക്കുകയുമാണ് ചെയ്തതെന്ന് രാഹുൽ ആരോപിച്ചു. ലോക്‌സഭയിൽ ഈ പുസ്തകം ഉദ്ധരിക്കാൻ തനിക്ക് അനുവാദം ലഭിച്ചില്ലെന്നും, ‘നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ’ (ജോ ഉചിത് സംഝോ വോ കരോ) എന്ന് പറഞ്ഞ് പ്രധാനമന്ത്രി ഉത്തരവാദിത്തം കൈൊഴിഞ്ഞതായും രാഹുൽ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ 97 മിനിറ്റ് നീണ്ട രാജ്യസഭയിലെ പ്രസംഗം ഒരു തെരഞ്ഞെടുപ്പ് റാലിക്ക് സമാനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നുണകളും വ്യക്തിപരമായ അധിക്ഷേപങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും നിറഞ്ഞതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു. മോദിയുടെ നാർസിസിസവും (സ്വയം പുകഴ്ത്തൽ) നാടകീയമായ പ്രഖ്യാപനങ്ങളോടുള്ള അഭിനിവേശവും പ്രസംഗത്തിലുടനീളം പ്രകടമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

 ബജറ്റ് സമ്മേളനത്തിന്റെ ഏഴാം ദിനത്തിൽ വലിയ ബഹളങ്ങൾക്കിടയിലാണ് നന്ദിപ്രമേയം പാസാക്കിയത്. രാജ്യസഭയിൽ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു. ലോക്‌സഭയിൽ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലിയും പാർലമെന്റിൽ വലിയ വാഗ്വാദങ്ങളാണ് അരങ്ങേറിയത്.