കരുവന്നൂര്‍ ബാങ്കിലെ തീവെട്ടിക്കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം : കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, July 23, 2021

കേരളത്തിന്‍റെ സഹകരണ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ള നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ആയിരം കോടിയുടെ കൊള്ളയാണെന്നും ഇതില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ സഹകരണ ജനാധിപത്യ വേദി സംഘടിപ്പിച്ച രാജ്ഭവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

500 കോടി രൂപ നിക്ഷേപമുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്കില്‍ സഹകരണബാങ്കില്‍ 1000 കോടിയിലധികം രൂപയാണ് തിരിമറി നടത്തിയത്. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെപ്പോലും ബാധിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടാണ് നടന്നത്. ബാങ്കിന് പ്രത്യേകമായുള്ള കണ്‍കറന്‍റ് ആഡിറ്റര്‍ പരിശോധിക്കുന്ന ബാങ്കിലാണ് ഈ തിരിമറി നടത്തിയിരിക്കുന്നത്. എന്നിട്ടും തട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ഉദ്യോഗസ്ഥര്‍ നടത്തിയ സംഘടിതമായ കൊള്ളയാണിതെന്ന് സുധാകരന്‍ പറഞ്ഞു.

കരുവന്നൂര്‍ ബാങ്കില്‍ സിപിഎം നേതൃത്വത്തിന്‍റെ ഇഷ്ടക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് വായ്പ നല്‍കിയത്. സിപിഎം നിയന്ത്രണത്തിലുള്ള കേരളത്തിലെ ഒട്ടുമിക്ക ബാങ്കുകളിലും ഇതേ അവസ്ഥയാണുള്ളത്. ഇടതുപക്ഷത്തോട് കൂറുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനാധിപത്യ വിരുദ്ധമായിട്ടാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ ഭരണം സിപിഎം പിടിച്ചെടുക്കുന്നത്. തുടര്‍ന്ന് ഭരണസ്വാധീനവും പാര്‍ട്ടി പിന്‍ബലവും ഉപയോഗിച്ച് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതികള്‍ സാമ്പത്തിക തിരിമറിയും കൊള്ളയും നടത്തുവെന്നും സുധാകരന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് അത്താണിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍.അവ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ വഴിയാധാരമാകുന്നത് പാവപ്പെട്ട ജനങ്ങളാണ്.സഹകരണ മേഖലയോട് ഒരുകൂറും ഇല്ലാത്ത പാര്‍ട്ടിയാണ് ബിജെപി. കേന്ദ്ര സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച സഹകരണ മന്ത്രാലയവും അതിന്റെ ചുമതല അമിത്ഷായ്ക്ക് നല്‍കിയതും ആശങ്കയോടെയാണ് സഹകരണമേഖലയെ സ്‌നേഹിക്കുന്നവര്‍ കാണുന്നത്. കോണ്‍ഗ്രസ് മുക്ത ഗുജറാത്ത് നടപ്പിലാക്കാന്‍ അമിത്ഷാ ആയുധമാക്കിയത് സഹകരണ മേഖലയെയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന് അടിത്തറ പാകാനാണ് ബിജെപി സഹകരണ മേഖലയിലേക്ക് കടന്നുവരുന്നത്. ഇതിനെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍,എം വിന്‍സന്റ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു.