ക്വട്ടേഷന്‍ ‘ലീഡറുടെ’ നിര്‍ദേശ പ്രകാരം മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് അര്‍ജുന്‍ ആയങ്കി ; ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

Jaihind Webdesk
Monday, July 5, 2021

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് അര്‍ജുന്‍ ആയങ്കി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഫോണ്‍ നശിപ്പിച്ചതായി അര്‍ജുന്‍ സമ്മതിച്ചത്. നേരത്തേ ഫോണ്‍ പുഴയില്‍ കളഞ്ഞെന്നാണ് അര്‍ജുന്‍ പറഞ്ഞിരുന്നത്. സ്വര്‍ണ്ണക്കടത്തും കവര്‍ച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ തലവന്‍മാരുടെ നിര്‍ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് നശിപ്പിച്ചത്.

വളപട്ടണം പുഴയോരത്ത് നടത്തിയ തെളിവെടുപ്പിന് ശേഷമാണ് അര്‍ജുന്റെ വെളിപ്പെടുത്തല്‍. അര്‍ജുന്റെ ലീഡറെ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഫോണ്‍ നശിച്ചതിനാല്‍ വാട്‌സ് ആപ്പ് സന്ദേശങ്ങളുടെയും വിളികളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് പ്രതിസന്ധിയിലായിരിക്കുകയാണ്.

അര്‍ജുന്റെ ലീഡര്‍ അടക്കമുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്താല്‍ മാത്രമേ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുകയുള്ളൂ. രാമനാട്ടുകര അപകടത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുന്‍ സംരക്ഷകരെ മുഴുവന്‍ ബന്ധപ്പെട്ടതും നിര്‍ദേശങ്ങള്‍ സ്വീകരിച്ചതും വാട്‌സ് ആപ്പ്, ടെലിഗ്രാം വഴിയാണ്. അര്‍ജുനും കാരിയര്‍ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണില്‍ നിന്ന് കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്. അര്‍ജുന്‍റെ ഭാര്യയെയും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാക്കും.