കുഴൽപ്പണം വന്നത് കർണാടകയിലെ ബിജെപി കേന്ദ്രത്തിൽ നിന്ന് ; അന്വേഷണസംഘത്തിന് വിവരം

Jaihind Webdesk
Sunday, May 23, 2021

 

തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ പണം വന്നത് കർണാടകയിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതേസമയം ചോദ്യംചെയ്യലിന് ബിജെപി സംസ്ഥാന നേതാക്കൾ ഇന്ന് ഹാജരായില്ല. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശ് , സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അസൗകര്യം അറിയിച്ചത്.

കേസിൽ ധർമരാജൻ, സുനിൽ നായിക് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കർണാടകയിലെ ബിജെപി കേന്ദ്രത്തിൽ നിന്നാണ് പണം വന്നത്. ആലപ്പുഴ സ്വദേശി കർത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയത്. കർത്ത ആർക്കാണ് കൈമാറുകയെന്ന് അറിയില്ലെന്നും ധർമരാജനും സുനിൽ നായിക്കും അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇവരുടെ മൊഴി അനുസരിച്ച് കർത്തക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി.

അതേസമയം ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം ഗണേശും, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവർ രണ്ട് ദിവസത്തെ സാവകാശം ചോദിക്കുകയായിരുന്നു .ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ട്രഷറർ സുജയ് സേനൻ, മേഖല സെക്രട്ടറി കാശിനാഥൻ എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.