രാഹുല്‍ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍

Jaihind News Bureau
Tuesday, June 19, 2018

48-ാം പിറന്നാൾ നിറവിൽ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. യുവത്വത്തിന്റെ പ്രസരിപ്പുമായി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന നേതാവിന് ആശംസകൾ അർപ്പിക്കുകയാണ് പ്രവർത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ രാഹുലിന് ജന്മദിനാശംസകൾ നേർന്നു.

കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനായി ചുമതലയേറ്റ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ പിറന്നാൾ വലിയ ആഘോഷമാക്കി മാറ്റുകയാണ് രാജ്യത്തെ പാർട്ടി പ്രവർത്തകർ. കോൺഗ്രസ് ആസ്ഥാനത്തുൾപ്പെടെ വർണപ്പകിട്ടാർന്ന പരിപാടികളാണ് പ്രവർത്തകർ സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രമുഖർ രാഹുലിന് ആശംസകൾ നേർന്നു.

1970 ജൂൺ 19നായിരുന്നു രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മകനായി രാഹുലിന്റെ ജനനം. വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സാരഥ്യം വഹിച്ച കുടുംബത്തിലെ പുതുതലമുറ. നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനായിരുന്നു രാഹുലിന്റെ നിയോഗമെന്ന് ഒരുപക്ഷേ അന്നേ കാലം തീരുമാനിച്ചിരിക്കും. കാലങ്ങൾക്കിപ്പുറം കോണ്‍ഗ്രസ് എന്ന ചരിത്രപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് ജന്മദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ മുഴുവൻ സ്‌നേഹവും കരുതലും രാഹുലിനുണ്ട്. പുതിയ വയസിലേക്ക് കാലെടുത്തുവെക്കുന്ന രാഹുലിന് മുന്നിലുള്ളത് നിറവേറ്റാനുള്ള ഉത്തരവാദിത്വങ്ങളുടെ മഹാസാഗരം തന്നെയാണ്. കടന്നുപോയ കനൽവഴികൾ അദ്ദേഹത്തിന് സമ്മാനിക്കുന്നത് വലിയ പാഠങ്ങൾ തന്നെയാണ്.

രാജ്യദ്രോഹികളുടെ തോക്കിനുമുന്നിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്ന പ്രിയപ്പെട്ടവരുടെ രക്തം ചിന്തിയ വഴികളിലൂടെ തന്നെയാണ് രാഹുലിന്റേയും കർമയാത്ര. ഭയമേതുമില്ലാതെ പ്രസ്ഥാനത്തെ നെഞ്ചേറ്റി പാവപ്പെട്ടവന്റെ കണ്ണീരൊപ്പി നിറപുഞ്ചിരിയോടെ ജനകീയനായി മാറി രാഹുൽ ഗാന്ധി. രാജ്യവും പാർട്ടിയുമേൽപ്പിക്കുന്ന ഭാരിച്ച ചുമതലകൾ തന്റേതായ ശൈലിയിൽ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ കരുത്തിൽ രാഹുൽ നിഷ്പ്രയാസം ചെയ്തു തീർക്കുന്നു. വിദേശ യൂണിവേഴ്‌സിറ്റികളിൽ നിന്ന് നേടിയെടുത്ത മികച്ച വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും ഈ യുവനേതാവിന്റെ രാഷ്ട്രീയ പാതയിൽ വെളിച്ചമേകി.

വിദ്യാഭ്യാസത്തിന് ശേഷം അമ്മ സോണിയാഗാന്ധിക്ക് പിന്തുണയേകി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച രാഹുൽ ഗാന്ധി 2004ൽ ലോക്‌സഭാംഗമായി. അന്നുമുതൽ അമേഥി മണ്ഡലം രാഹുൽ ഗാന്ധിയെ കൈവിട്ടില്ല. ഏതായാലും 2019ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോൾ രാഹുലിനെ തേടിയെത്തുന്നത് പുതിയ നിയോഗങ്ങളായിരിക്കും. രാഹുലിന്റെ ജന്മദിനത്തിൽ രാജ്യം പ്രാർഥിക്കുന്നു, ആ നിയോഗങ്ങൾ പൂർത്തീകരിക്കാനുള്ള കരുത്തും ആർജ്ജവവും രാഹുലിന് ലഭിക്കട്ടെയെന്ന്… ജന്മദിനാശംസകള്‍…