മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും: ഇ.ടി. മുഹമ്മദ് ബഷീർ

Jaihind Webdesk
Saturday, April 27, 2024

മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ. 2019 ലേതിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. അതിനിടെ രണ്ടു മണ്ഡലങ്ങളിലേയും അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നപ്പോൾ മലപ്പുറം 70.20% വും, പൊന്നാനി 69. 21% വും പോളിംഗ് രേഖപ്പെടുത്തി.

പ്രതികൂല കാലാവസ്ഥയിലും പോളിംഗ് ശതമാനത്തിൽ മലപ്പുറത്ത് വലിയ കുറവ് ഉണ്ടായിട്ടില്ല. വിളിച്ചുകൊണ്ട് വരാതെ തന്നെ വോട്ടർമാരെത്തിയത് വലിയ ശുഭപ്രതീക്ഷ നൽകുന്നുവെന്നും ഇ.ടി. പറഞ്ഞു. പല ദുഷ്പ്രചാരണങ്ങളും തിരഞ്ഞെടുപ്പിൽ ഒരുപാട് ബുദ്ധിമുട്ടുകളും ഉണ്ടായി. പോളിംഗ് സാവധാനമാണ് നടന്നത്. വോട്ട് രേഖപ്പെടുത്താൻ ഏറെ സമയം എടുത്തുവെന്നും ചിലയിടങ്ങളിൽ 10 മണി വരെ വോട്ടിംഗ് നീണ്ടതായും ഇ.ടി. പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും ബെസ്റ്റ് പെർഫോമൻസ് ഉണ്ടാകുമെന്നും മുന്‍കാലങ്ങളേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നും ഇ.ടി. വ്യക്തമാക്കി.

പോളിംഗ് ശതമാനത്തിൽ വലിയ ഒരു കുറവ് മലപ്പുറത്ത് ഉണ്ടായിട്ടില്ല. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും കൂടി വരുമ്പോൾ പോളിംഗ് മെച്ചപ്പെടും. സിപിഎം-ബിജെപി അവിശുദ്ധ ബന്ധം ഉണ്ടെന്ന് യുഡിഎഫ് വെറുതെ പറഞ്ഞതല്ല എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും ഇ.ടി. കൂട്ടിച്ചേര്‍ത്തു. മലപ്പുറം മണ്ഡലത്തിൽ കൊണ്ടോട്ടിയിലാണ് കൂടുതൽ പോളിംഗ് നടന്നത്. കുറവ് വേങ്ങരയിലും. പൊന്നാനിയിൽ താനൂരിലാണ് കൂടുതൽ പോളിംഗ് നടന്നത്. കുറവ് തവനൂർ മണ്ഡലത്തിലും.