മാനസസരോവർ തീർഥാടകരുടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി

Jaihind News Bureau
Thursday, July 5, 2018

കൈലാസ് മാനസസരോവർ യാത്രയ്ക്കിടെ നേപ്പാളിൽ മൂന്നിടങ്ങളിലായി കുടുങ്ങിയ തീർഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കി. അതേസമയം, ഹിൽസയിലെ പർവത മേഖലയിൽനിന്ന് ഇരുനൂറോളം ഇന്ത്യക്കാരെ പുറത്തെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

കനത്ത മഴയായിരുന്നു തീർഥാടകർക്ക് വിലങ്ങുതടിയായത്. സിനികോട്ടിൽനിന്ന് 119 പേരടങ്ങുന്ന മറ്റൊരു സംഘത്തെ സുർക്‌ഹെത്തിലെത്തിക്കുകയും ചെയ്തു. നേപ്പാൾഗഞ്ച്, സിമികോട്ട്, ഹിൽസ എന്നിവിടങ്ങളിലാണ് തീർഥാടകർ കുടുങ്ങിയത്. സ്ഥിതിഗതി ഇന്ത്യൻ ദൗത്യസംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ മുഴുവൻ സുരക്ഷിത കേന്ദ്രത്തിലെത്തിക്കാനുള്ള നടപടി തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.

ഹിൽസ, സിനികോട്ട് എന്നിവിടങ്ങളിൽനിന്നു ഹെലികോപ്റ്റർ ഉപയോഗിച്ചാണ് 200ഓളം പേരെ രക്ഷപ്പെടുത്തിയത്. കൂടുതൽ ഹെലികോപ്റ്ററുകൾ വാടകയ്‌ക്കെടുത്തു രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ശ്രമം തുടരുകയാണ്. കാലാവസ്ഥയും കോപ്റ്ററുകളുടെ ലഭ്യതയും കണക്കിലെടുത്താണ് തുടർനടപടി. അടിസ്ഥാന സൗകര്യങ്ങൾക്കു ബുദ്ധിമുട്ടുള്ള ഹിൽസയിൽ രക്ഷാപ്രവർത്തനം കനത്ത വെല്ലുവിളിയാണ്. സിനികോട്ടിൽ താരതമ്യേന മെച്ചപ്പെട്ട വാർത്താവിനിമയ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാണെന്നും എംബസി കേന്ദ്രങ്ങൾ അറിയിച്ചു. ബന്ധുക്കളുമായി സംസാരിക്കാൻ തീർഥാടകർക്കായി എംബസി പ്രത്യേക ഹോട്ട് ലൈൻ സേവനവും ഒരുക്കിയതായും അധികൃതർ അറിയിച്ചു.

https://www.youtube.com/watch?v=vXMIZav9mJk