പാകിസ്ഥാനില്‍ ഇമ്രാന്‍‌ ഖാന്‍ ഓഗസ്റ്റ് 11ന് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും

Jaihind News Bureau
Tuesday, July 31, 2018

പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്‌ പാർട്ടി നേതാവ് ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരുകയാണ്.

തെരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർടിയായ പി.ടി.ഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 116 സീറ്റാണ് പി.ടി.ഐക്ക് നിലവിലുള്ളത്. സർക്കാർ രൂപീകരിക്കാൻ 137 സീറ്റാണ് വേണ്ടത്. തുടർന്ന് ചെറുപാർട്ടികളുടെയും സ്വതന്ത്രരുടേയും പിന്തുണ തേടിവരികയാണ് പാർട്ടി നേതൃത്വം.

മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് പാകിസ്ഥാൻ, ഗ്രാൻഡ് ഡെമോക്രാറ്റിക് അലയൻസ്, പി.എം.എൽ ഖ്വായിദ്, ബലൂചിസ്ഥാൻ അവാമി പാർട്ടി എന്നിവയുടെ നേതാക്കളുമായി ഇമ്രാൻ ഖാന്‍ ചർച്ച നടത്തി.

എതിരാളികളായ പി.എം.എൽ-എന്നിന് 64 സീറ്റും പി.പി.പിക്ക് 43 സീറ്റുമാണുള്ളത്. ഇതിനിടെ ഇമ്രാൻറെ പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയ ഖൈബർ പക്തൂൺഹ്വാ പ്രവിശ്യയുടെ മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് അസംബ്ലി എം.എൽ.എമാരുടെ യോഗത്തിൽ ഖാൻ പറഞ്ഞു. 99 അംഗ അസംബ്ലിയിൽ പി.ടി.ഐക്ക് 65 സീറ്റുണ്ട്.

അതേസമയം പെരുമാറ്റച്ചട്ടം ലംഘിച്ച് പരസ്യമായി വോട്ട് രേഖപ്പെടുത്തിയതിന് ഇമ്രാൻ രേഖാമൂലം മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ജൂലൈ 25ന് ടി.വി ക്യാമറകളുടെ മുന്നിലാണ് ഇമ്രാൻ വോട്ട് ചെയ്തത്. വോട്ടിംഗ് രഹസ്യമായി നടത്തണമെന്നാണു ചട്ടം . ഇത് ലംഘിക്കുന്നവർക്ക് ആറ് മാസം തടവോ ആയിരം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാൻ കമ്മീഷന് അധികാരമുണ്ട്.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ
പ്രതിഷേധം തുടരുകയാണ്‌