പൗരത്വ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അതിര്‍ത്തിയില്‍ സൈനിക നീക്കത്തിന് ഇന്ത്യന്‍ ശ്രമം : ആരോപണവുമായി പാക് പ്രധാനമന്ത്രി

Jaihind Webdesk
Saturday, December 21, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി പാകിസ്ഥാന്‍. ഇതിന്‍റെ ഭാഗമായി അതിർത്തിയില്‍ ഇന്ത്യ സൈനിക നീക്കം നടത്താനുള്ള സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.  ഇത്തരത്തില്‍ യുദ്ധത്തിന് വന്നാല്‍ പാകിസ്ഥാന് മുന്നില്‍ മറ്റ് വഴികളില്ലെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്തോറും പാകിസ്ഥാന് നേരെയുള്ള യുദ്ധഭീഷണിയും വർധിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആഭ്യന്തര കലാപങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ പാകിസ്ഥാന് മറ്റ് വഴികളില്ലെന്നും മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേർത്തു. ഇന്ത്യന്‍ സൈനിക മേധാവിയുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ടെന്നും പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമാകാമെന്നും തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.