ഡല്‍ഹിയില്‍ അധികാരത്തര്‍ക്കം മുറുകുന്നു

Jaihind News Bureau
Thursday, July 5, 2018

ഡൽഹിയില്‍ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള അധികാര തർക്കം മുറുകുന്നു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സ്ഥലംമാറ്റ നിർദേശങ്ങൾ ഐ.എ.എസ് ഉദ്യോഗസ്ഥർ തള്ളി.

ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം ഡൽഹി മുഖ്യമന്ത്രിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ അധികാരം ലഫ്റ്റനന്‍റ് ഗവർണർക്ക് തന്നെയാണ്. അന്തിമ തീരുമാനം എടുക്കുന്നത് ലഫ്റ്റനന്‍റ് ഗവർണർ തന്നെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിലെ പരമാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരം പരിമിതമാണെന്നുമുള്ള സുപ്രീം കോടതി ഉത്തരവ് മൂലം സാഹചര്യങ്ങളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

https://www.youtube.com/watch?v=S1TNY6poY0o

ഡൽഹിയിലെ ഭരണനിർവഹണത്തിൽ ലഫ്റ്റനന്‍റ് ഗവർണർക്കാണോ സർക്കാരിനാണോ അധികാരമെന്ന തർക്കത്തിൽ ബുധനാഴ്ച സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരം പരിമിതമാണെന്നും മന്ത്രിസഭയുടെ തീരുമാനങ്ങൾക്കനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥർ സർക്കാരിനോട് സഹകരിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കേന്ദ്രം വീണ്ടും ഇടഞ്ഞതോടെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ.