ഗുജറാത്ത് കലാപം: ഇര ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി

Jaihind Webdesk
Tuesday, April 23, 2019

ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ജോലി നല്‍കാനും സുപ്രീം കോടതി ഉത്തരവ്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍കിസ് ബാനുവിന്റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.

മകളെ തറയിലെറിഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബില്‍കിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്. കലാപത്തിന് ശേഷം സ്ഥിരം താമസ സ്ഥലം കൂടി നഷ്ടപ്പെട്ട ബില്‍കിസിന് താമസ സൗകര്യമൊരുക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് നഷ്ടപരിഹാരം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്. ബാനുവിന് അവര്‍ നിര്‍ദേശിക്കുന്ന പ്രദേശത്ത് താമസ സൗകര്യം ഏര്‍പ്പെടുത്താനും ഗുജറാത്ത് സര്‍ക്കാരിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി.

2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യയില്‍ ഏറ്റവും ഭീകരമായ ഒന്നായിരുന്നു ബില്‍കിസ് ബാനു ബലാത്സംഗക്കേസ്. 16 വര്‍ഷമായി ബില്‍കിസ് ബാനു നീതി തേടി നിയമപോരാട്ടം നടത്തുന്നു. 2002 മാര്‍ച്ച് മൂന്നിന് 19കാരിയായ അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍ക്കീസിനെ ഒരു സംഘം ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്യുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ അവരുടെ മൂന്നുവയസ്സുള്ള മകളും മാതാവ് ഹലിമയും ബന്ധു ഷമീമും ഉള്‍പ്പെടുന്നു.

സംഭവത്തില്‍ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുംബൈ കോടതിയില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരും ഒരു സര്‍ക്കാര്‍ ഡോക്ടറുമുള്‍പ്പെടെ 19 പേര്‍ക്കെതിരെയായിരുന്നു കേസ്. 2008 ജനുവരിയില്‍ അവരില്‍ 11 പേര്‍ക്ക് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ജീവപര്യന്തം ശിക്ഷ ലഭിച്ചു. സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചെന്നുകരുതുന്ന ജസ്വന്ത്ഭായ് നായ്, ഗോവിന്ദ്ഭായ് നായ്, രാധേശാം ഷാ എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് 2011 ജൂലൈയില്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

അഹ്മദാബാദിലാണ് കേസിന്റെ വിചാരണ ആരംഭിച്ചതെങ്കിലും സാക്ഷികളടക്കമുള്ളവരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ഇരയുടെ അപേക്ഷയെ തുടര്‍ന്നു കേസ് മുംബൈയിലേക്കു മാറ്റുകയായിരുന്നു. സുപ്രിംകോടതി നിര്‍ദേശപ്രകാരമായിരുന്നു ഇത്. 2017ലാണ് കേസിലുള്‍പെട്ട ഏഴുപേരെ ബോംബൈ ഹൈക്കോടതി ശിക്ഷിച്ചത്. ഇവരില്‍ അഞ്ചുപേര്‍ പോലിസുകാരും രണ്ടുപേര്‍ ഡോക്ടര്‍മാരുമാണ്.