കാലവർഷം ശക്തം; കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്ന് ജില്ലാ കലക്ടർ

Jaihind News Bureau
Tuesday, July 17, 2018

കാലവർഷം ശക്തമായ മലപ്പുറം ജില്ലയിൽ ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്ന് കലക്ടർ അമിത് മീണ പറഞ്ഞു. കടലോരമേഖലയിൽ കടൽ ഭിത്തികെട്ടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും കലക്ടർ പറഞ്ഞു.

ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ തീരദേശമേഖലയിലും, മലയോരമേഖലയിലുമാണ് നാശനഷ്ടങ്ങൾ ഏറെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീരദേശത്ത് മഴ കനത്തതോടെ കടൽക്ഷോഭം രൂക്ഷമായി. പൊന്നാനി, വെളിയംകോട്, താന്നൂർ തുടങ്ങിയ തീരദേശ മേഖലകളിൽ കടൽഭിത്തി തകർന്ന് വീടുകളിലേക്ക് വെള്ളം കയറിയത് ജനജീവിതം ദുസഹമാക്കി. പലരേയും മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് 14കാരനായ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മരിച്ചു. അബ്ദുൾ റഹീമിന്റെ മകൻ അദിനാൻ ആണ് മരിച്ചത്.

കടലിൽ നങ്കൂരമിടുന്ന ബോട്ടുകൾ തകരുന്നതും മത്സ്യ തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്നും, കടൽഭിത്തി കെട്ടാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും കലക്ടർ അമിത്മീണ പറഞ്ഞു

ജില്ലയിലെ മലയോരമേഖലയായ നിലബൂർ താലുക്കിലാണ് മഴക്കെടുതി കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മരങ്ങൾ കടപുഴകിയും, മണ്ണിടിഞ്ഞും പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. ശക്തമായ കാറ്റിൽ നെരിപ്പോയിൽ, എടക്കര മേഖലകളിൽ മരം വീണ് വീടുകൾ തകർന്നു. ജില്ലയിലെ പുഴകളും, തോടുകളും നിറഞ്ഞു കവിഞ്ഞത് വ്യാപക കൃഷി നാശം സൃഷ്ടിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വരെയുളള കണക്കുപ്രകാരം 715.35 ഹെക്ടർ കൃഷിഭൂമിയാണ് മഴയെടുത്തത്.15 കോടിയോളം രൂപയുടെ നാശ നഷ്ടമാണ് ഇത് ഉണ്ടാക്കിയത്. അതേസമയം മത്സ്യ തൊഴിലാളികളുടെ ബോട്ടുകൾ കടലെടുത്തത് 25 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.

https://youtu.be/GVjbJDsri9g