കാലവർഷം കൂടുതൽ ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി

Jaihind News Bureau
Tuesday, July 17, 2018

കാലവർഷം കൂടുതൽ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 12 ആയി. വ്യാഴാഴ്ച്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കോട്ടയം, എറണാകുളം, കണ്ണൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിലായാണ് പത്ത് പേർ മരിച്ചത്. നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ വ്യാഴാഴ്ച വരെ തുടരുമെന്നതിനാൽ കനത്ത ആശങ്കയിലാണ് ജനങ്ങൾ. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ജില്ലാഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോരമേഖല ഉൾെപ്പടെ മണിക്കൂറിൽ 70 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. അതേ സമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എം.ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രിയിൽ മലയോരത്തെ യാത്ര നിയന്ത്രിക്കണം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് മാറിത്താമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

https://youtu.be/EXGGbddZark