കനത്ത മഴയിൽ തലസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടം

Jaihind News Bureau
Thursday, August 16, 2018


തലസ്ഥാനത്ത് പലയിടങ്ങളിലും തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ, പേപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

തലസ്ഥാനത്ത് മഴ ശമനമില്ലാതെ തുടരുകയാണ്. അടുത്ത അഞ്ച് ദിവസം വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ തലസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി.

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ, പേപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾ ഭാഗികമായി തകർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികളോടും കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുനവർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിന് വേണ്ട നടപടികൾ വാട്ടർ അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സേനാ വിഭാഗങ്ങളെ തലസ്ഥാനത്ത് വിന്യസിക്കും.

മഴയിൽ ജില്ലയുടെ പലഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുന:സ്ഥാപിക്കാൻ പലയിടങ്ങളിലും സാധിച്ചിട്ടില്ല. പലയിടങ്ങളിലും റോഡിലെ ടാർ ഒലിച്ചുപോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മലയോര മേഖലയിൽ പലയിടങ്ങളിൽ മരം വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി വച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.