എതിരില്ലാത്ത മൂന്ന് ഗോളിന് പാനമയെ തകര്‍ത്ത് ബെല്‍ജിയം

Jaihind News Bureau
Tuesday, June 19, 2018

ഗോള്‍ നേട്ടം ആഘോഷിക്കുന്ന മെര്‍ട്ടെന്‍സും ലുകാകുവും

പാനമയ്‌ക്കെതിരെ ബെൽജിയത്തിന് ഉജ്വല ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പാനമയെ തോൽപിച്ചത്. ലുക്കാകു ഇരട്ടഗോൾ നേടി.

ആദ്യ പകുതിയിൽ പിടിച്ചുകെട്ടിയ കന്നിക്കാരായ പാനമയെ രണ്ടാം പകുതിയിൽ കരുത്തരായ ബെൽജിയം അടിച്ചുപറത്തി. ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ലോക മൂന്നാം റാങ്കുകാരായ ബെൽജിയത്തിൻറെ വിജയം. റൊമേലു ലുകാക്കു ഇരട്ട ഗോളുകളുമായി വരവറിയിച്ചപ്പോൾ മെർട്ടെൻസിൻറെ വകയായിരുന്നു ഒരു ഗോൾ.

കരുത്തരായ ബെൽജിയത്തിനെതിരേ ആദ്യ പകുതിയിൽ പാനമ പിടിച്ചുനിന്നു. ഇടയ്ക്ക് ചില മുന്നേറ്റങ്ങൾ ഒഴിച്ചാൽ ഡിബ്രുയ്‌നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിൻറെ മുന്നേറ്റങ്ങൾ തടയുന്നതിലായിരുന്നു മറ്റ് സമയങ്ങളിൽ പാനമയുടെ ശ്രദ്ധ. ഇതോടെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കുന്നതിൽ പാനമ വിജയിച്ചു.

രണ്ടാം പകുതിയിൽ പക്ഷേ കളിമാറി. 47-ാം മിനിറ്റിൽ ബെൽജിയം ലീഡ് നേടി. മെർട്ടെൻസാണ് ഒരു ഫുൾ വോളി ഗോളിലൂടെ ബെൽജിയത്തെ മുന്നിലെത്തിച്ചത്. 69-ാം മിനിറ്റിൽ, ഡിബ്രുയ്‌നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിൻറെ കൂട്ടായ മുന്നേറ്റത്തിനൊടുവിൽ ലുകാക്കു ഗോൾ കണ്ടെത്തി. ഓഫ്‌സൈഡ് കെണിയിൽനിന്ന് പുറത്തുചാടിയായിരുന്നു ലുകാക്കുവിൻറെ ഹെഡർ.

ആറ് മിനിറ്റിനുശേഷം ലുകാക്കു വീണ്ടും ലക്ഷ്യം കണ്ടു. ഹസാർഡിൻറെ പാസ് പിടിച്ചെടുത്ത ലുകാക്കു ബോക്‌സിലേക്ക് ഒറ്റയ്ക്ക് ഓടിക്കയറി. ബോക്‌സിനുള്ളിൽനിന്ന് ചിപ്പ് ചെയ്ത് തൻറെ രണ്ടാം ഗോളും ബെൽജിയത്തിൻറെ മൂന്നാം ഗോളും ലുകാക്കു കുറിച്ചു. തുടർന്നും ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗ് ഉണ്ടായില്ല.