ആതിരയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു; ഇരുട്ടില്‍ തപ്പി പോലീസ്

Jaihind News Bureau
Thursday, July 12, 2018

മലപ്പുറത്ത് 18 വയസുകാരിയെ കാണാതായി 15 ദിവസം പിന്നിട്ടിട്ടും തെളിവൊന്നും ലഭിക്കാതെ പോലീസ്. കോട്ടക്കൽ എടരിക്കോട് സ്വദേശി ആതിരയെ കഴിഞ്ഞമാസം 27നാണ് കാണാതായത്. മുഖ്യമന്ത്രിക്കും, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ല.

ജൂൺ മാസം 27 ന് രാവിലെ 11.30ന് കോട്ടയ്ക്കലുള്ള കമ്പ്യൂട്ടർ സെന്‍ററിലേക്കെന്ന് പറഞ്ഞാണ് എടരിക്കോട് കുറുകപ്പറമ്പിൽ നാരായണന്റെ മകൾ ആതിര വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

കരിനീലയിൽ വെള്ള പുള്ളികളുള്ള ചുരിദാറും, വെളുത്ത പാന്റുമായിരുന്നു കാണാതാവുമ്പോൾ ആതിരയുടെ വേഷം. കാതിൽ സ്വർണകമ്മലുണ്ട്. കാണാതായ ദിവസം തന്നെ ബന്ധുക്കൾ കോട്ടയ്ക്കൽ പോലീസിന് പരാതി നൽകിയിരുന്നു. ജൂലൈ 2ന് മലപ്പുറം എസ്.പിക്കും 4 ന് പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

മൊബൈൽ ടവർ സിഗ്നൽ നിരീക്ഷിച്ചുള്ള അന്വേഷണത്തിൽ തൃശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ബന്ധുക്കളെത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവിൽ കൈയിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

കാണാതായി 15 ദിവസം പിന്നിട്ടിട്ടും അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും മലപ്പുറത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളത്തിൽ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് കോട്ടയ്ക്കൽ പോലീസിന്റെ വിശദീകരണം.