യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഇന്ത്യയ്ക്കുള്ള വലിയ അംഗീകാരമെന്ന് യൂസഫലി എം എ

Jaihind News Bureau
Monday, August 19, 2019

ദുബായ് : യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെയ്ഖ് സായിദ് മെഡല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കുന്നതിലൂടെ, അത് ഇന്ത്യയ്ക്കുള്ള വലിയ അംഗീകാരമായി മാറുകയാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യൂസഫലി എംഎ പറഞ്ഞു.

രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘവും ചരിത്രപരവുമായ ബന്ധത്തിലെ അത്ഭുതകരവും ശ്രദ്ധേയവുമായ ഘട്ടമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇയിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രാധാന്യവും ആദരവും കൂടുതല്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ആകര്‍ഷണീയവും സമാധാനപരവും സമ്പന്നവും സഹിഷ്ണുത പുലര്‍ത്തുന്നതുമായ യുഎഇയില്‍, താമസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരും ഇത് ഇന്ത്യയ്ക്കുള്ള വലിയ ബഹുമാനമായി കാണുമെന്നും യൂസഫലി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യുഎഇ-ഇന്ത്യാ വ്യാപാര ബന്ധത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണിത്. എണ്ണ മുതല്‍ വ്യാപാര മേഖലകള്‍ വരെയും, അടിസ്ഥാന സൗകര്യ വികസനം മുതല്‍ ടൂറിസം, വ്യോമയാന വരെയുമുള്ളതുമായ വ്യത്യസ്ത മേഖലകള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍, യുഎഇ എന്ന രാജ്യം ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും യൂസഫലി എം എ അഭിപ്രായപ്പെട്ടു.