കേരളത്തിലെ യുവാക്കളെ നാടുകടത്താന്‍ ശ്രമം; പെന്‍ഷന്‍ പ്രായത്തില്‍ പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, November 1, 2022

 

പാലക്കാട്: പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ പാലക്കാട് പറഞ്ഞു. വിഷയത്തിൽ ഒരക്ഷരവും പ്രതികരിക്കാത്ത ഡിവൈഎഫ്ഐ പിണറായി ഫാൻസ് അസോസിയേഷനായി മാറിയെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിന്‍റെ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.  ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ള ഉത്തരവാണ് പുറത്തുവന്നത്. ഈ ഉത്തരവ് പിൻവലിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സർക്കാരിന്‍റെ ഉത്തരവ് എന്നും ഷാഫി പറഞ്ഞു.

പ്രതികരണ ശേഷി നഷ്ടപ്പെട്ട ഡിവൈഎഫ്ഐ റീ രജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കും. പിണറായി ഫാൻസ് അസോസിയേഷനായി ഡിവൈഎഫ്ഐ മാറി. സർക്കാർ കടക്കെണിയിലാണ്. പിരിഞ്ഞുപോകുന്നവർക്ക് നൽകാൻ പണം ഇല്ല. അതിനാലാണ് പെൻഷൻ പ്രായം വർധിപ്പിക്കുന്നത്. സർക്കാരിന്‍റെ ധൂർത്ത് ഒഴിവാക്കിയാൽ പ്രശ്നം തീരുമെന്നും ഷാഫി കൂട്ടി ചേർത്തു.