ഇന്ധനവിലയില്‍ കേന്ദ്ര-സംസ്ഥാന നികുതിഭീകരത ; നികുതി പണം ഉപഭോക്താവിന് തിരിച്ചു നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ നികുതി പണം ഉപഭോക്താവിന് തിരിച്ചു നൽകി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരത്ത് നടത്തിയ ടാക്സ് പേ ബാക്ക് പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎല്‍എ നേതൃത്വം നൽകി.

ഇന്ധനവില വർധനവിന് കാരണം സർക്കാരുകൾ ഈടാക്കുന്ന അമിത നികുതി ആണെന്നുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നികുതിഭീകരതയാണ് നടക്കുന്നത്. ഈ ദുരിതക്കയത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനോ ആശ്വാസമേകാനോ ശ്രമിക്കാത്ത സംസ്ഥാനസര്‍ക്കാരിന്റെ നിലപാടുകളാണ് ഈ കൊള്ളയ്ക്ക് കാരണമാകുന്നത്. കേന്ദ്ര സർക്കാർ അമിത നികുതി ഇടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണ്. നടപടിയില്‍ അനുകൂല നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.