വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ചടയമംഗലം പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും അടിവസ്ത്രം അഴിച്ചു വാങ്ങുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചടയമംഗലം പോലീസിന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ബി.എച്ച് നിഫാലാണ് പരാതി നല്‍കിയത്. അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

കൊല്ലം ആയൂർ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍‍ഡ് ടെക്നോളജിയില്‍ ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിൽ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ നടപടി തങ്ങളെ മാനസികമായി ഏറെ തളര്‍ത്തുകയും അപമാനിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികൾ പറഞ്ഞു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കുട്ടികളെ മാനസിക സംഘർഷത്തിലാക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്.

Comments (0)
Add Comment