‘അന്തിമ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമം? തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കണം’: ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് ഖാർഗെയുടെ കത്ത്

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങളില്‍ ആശങ്ക പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. പോളിംഗ് ശതമാനം പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകുന്നതിലെ അസാധാരണത്വം ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഒന്നിച്ച് ശബ്ദമുയർത്താൻ തയാറാവണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ചു. അന്തിമ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ ഇതെല്ലാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ വേണ്ടിയുള്ള സുപ്രധാന തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നിർവഹിക്കുന്നതിനായി ശബ്ദമുയർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും പോളിംഗ് ശതമാനം പുറത്തുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകി. ഏപ്രില്‍ 19ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം 11 ദിവസങ്ങള്‍ കഴിഞ്ഞാണ് അന്തിമ വോട്ടിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഏപ്രില്‍ 26ന് നടന്ന രണ്ടാം ഘട്ടത്തിന്‍റേതാകട്ടെ നാലു ദിവസങ്ങള്‍ കഴിഞ്ഞും. 24 മണിക്കൂറിനുള്ളില്‍ അന്തിമ വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിച്ചിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ദിവസങ്ങള്‍ വൈകിപ്പിക്കുന്നതിലെ അസാധാരണത്വം ഖാർഗെ കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികള്‍ തുടർച്ചയായി ചോദ്യങ്ങള്‍ ഉയർത്തുമ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കാന്‍ തയാറാകുന്നില്ല. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ദയനീയമായ പ്രകടനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതെല്ലാം കമ്മീഷന്‍റെ സ്വതന്ത്രമായ പ്രവർത്തനത്തെ സംശയത്തിന്‍റെ നിഴലില്‍ നിർത്തുകയാണെന്നും ഖാർഗെ പറഞ്ഞു.

അധികാരവും പണവും ഉപയോഗിച്ച് ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ഭരണകൂടമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. രാജ്യത്തിന്‍റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍  സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് മല്ലികാർജുന്‍ ഖാർഗെ കത്തില്‍ ആവശ്യപ്പെട്ടു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നത് ഇന്ത്യ മുന്നണിയുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment