മാസപ്പടിയിലെ കോടതി ഉത്തരവ് നിരാശാജനകം; അപ്പീല്‍ നല്‍കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ



തിരുവനന്തപുരം: മാസപ്പടി കേസിലെ വിജിലൻസ് കോടതി ഉത്തരവ് നിരാശാജനകമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കോടതി നിരീക്ഷണങ്ങളോട് പൂർണമായും വിയോജിക്കുന്നതായി അദ്ദേഹം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോടതിയോടുള്ള എല്ലാ ആദരവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ വിധിപ്രസ്താവത്തിന് ആധാരമായി ചൂണ്ടിക്കാട്ടിയ കാരണങ്ങളോട് വിയോജിക്കുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് താന്‍ ഹർജി നല്‍കിയത്. പ്രാഥമികമായി ഹാജരാക്കാവുന്ന തെളിവുകളാണ് താൻ ഹാജരാക്കിയതെന്നും മറ്റുള്ളവ കോടതി അന്വേഷണം പ്രഖ്യാപിച്ച് വിളിച്ചുവരുത്തി പരിശോധിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം തുടരും. ആത്മവിശ്വാസത്തിന് കുറവില്ലെന്നും അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമായിരുന്നു മാത്യു കുഴൽനാടന്‍റെ ഹര്‍ജി. കേസിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന അഞ്ച് പുതിയ രേഖകൾ കൂടി മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജാരാക്കിയിരുന്നു. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ ഏഴുപേർക്കെതിരെയായിരുന്നു ഹർജി. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കോടതി അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎല്‍എയുടെ ആവശ്യം.

Comments (0)
Add Comment