പാനൂർ ബോംബ് സ്ഫോടനക്കേസ്; റിമാൻഡ് റിപ്പോർട്ടില്‍ മലക്കം മറിഞ്ഞ് പോലീസ്

 

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനക്കേസിൽ വ്യത്യസ്ത റിമാൻഡ് റിപ്പോർട്ടുമായി പോലീസ്. ആദ്യം പിടിയിലായ മൂന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മിച്ചതെന്നും വ്യക്തമാക്കിയ പോലീസ് പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പുലർച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടിൽ നിർമ്മാണത്തിലിരുന്ന വീടിന്‍റെ ടെറസിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായത്. കൂത്തുപറമ്പ് എസ്പി കെ.വി. വേണുഗോപാൽ, പാനൂർ പോലീസ് ഇൻസ്പെക്ടർ പ്രേം സദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്ഫോടനത്തിൽ മരിച്ച ഷെറിൽ ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉള്ളത്. പാനൂർ ഇൻസ്പെക്ടർ പ്രേംസദൻ തലശേരി അഡീഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്.

ഏപ്രിൽ 6 ന് സമർപ്പിച്ച ആദ്യ റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ എതിരാളികൾക്ക് എതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിരഞ്ഞെടുപ്പിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുമാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്ന് പറയുന്നു. എപ്രിൽ 7 നും, 8 നും നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ എ പ്രിൽ 10 ന് നൽകിയ നാലാമത്തെ റിമാൻഡ് റിപ്പോർട്ടിൽ പാനൂർ സ്റ്റേഷൻ പരിധിയിലെ കുയിമ്പിൽ ക്ഷേത്രപരിസരത്തുണ്ടായ സംഘർഷമാണ് ബോംബ് നിർമ്മാണത്തിന് കാരണമെന്നാണ് പറയുന്നത്. നേരത്തെ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്ന രാഷ്ട്രീയ എതിർപ്പും തിരഞ്ഞെടുപ്പ് സാഹചര്യവും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. എപ്രിൽ 14 നും 19 നും നൽകിയ റിപ്പോർട്ടുകളിലും സമാന പരാമർശമാണുള്ളത്.

പ്രാദേശികമായി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടിലും പരാമർശിക്കാത്ത പോലീസ് മറ്റു 3 റിപ്പോർട്ടുകളിലും ഇതാണ് ബോംബ് നിർമ്മാണത്തിന് കാരണമെന്ന് പറയുന്നു. ഇതിനിടെ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരുക്ക് പറ്റി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വലിയപറമ്പത്ത് വി.പി. വിനീഷിനെ തുടർചികിത്സക്കായി സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരുക്കേറ്റ് ഒരുമാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്‍റെ ചികിത്സാചെലവ് പാർട്ടി ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന വിമർശനം ആണ്  ഉയരുന്നത്. ബോംബ് നിർമ്മാണത്തിൽ സിപിഎമ്മിനുള്ള പങ്ക് വെളിച്ചത്ത് വന്നതായി ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു.

ആശുപത്രിയിൽ പോലീസിന്‍റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റിൽ ആയിട്ടുണ്ട്. ബോംബ് നിർമ്മാണത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് വിനീഷ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിൽ സ്ഫോടനത്തിനിടെ മരിച്ച ഷെറിൻ അSക്കം 15 പ്രതികളാണുള്ളത്.

Comments (0)
Add Comment