നടി കനകലത അന്തരിച്ചു

 

തിരുവനന്തപുരം: മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും  അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്‍റെ മകന്‍, ജാഗ്രത, കിരീടം, എന്‍റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ല്‍ ഓഗസ്റ്റ് 24-ന് ജനനം. കൊല്ലം സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കനകലത 22-ാം വയസ്സിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല. 1980-ല്‍ ഉണര്‍ത്തുപാട്ട് എന്ന സിനിമയില്‍ അഭിനയിച്ചു. ആദ്യ ചിത്രം റിലീസായില്ല.

Comments (0)
Add Comment