ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.

ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്‍റെ ആദ്യ സിനിമ. 1981 ലാണ് അദ്ദേഹത്തിന്‍റെ ആദ്യ സിനിമയായ ആമ്പല്‍പൂവ് പുറത്തിറങ്ങിയത്. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പിന്നീട് 1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍,സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്‌ തുടങ്ങി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. എം മുകുന്ദന്‍റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

Comments (0)
Add Comment