ചിത്രം പകർത്താനില്ല, സമ്മാനപ്പൊതിയില്‍ സ്നേഹവാചകം മാത്രം ; വിദ്യാർത്ഥികള്‍ക്ക് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ് നേതാവ്, മാതൃക

Jaihind Webdesk
Thursday, June 17, 2021

കൊച്ചി : കൊവിഡ്, ലോക്ക്ഡൗണ്‍ ദുരിതത്തില്‍ വലയുന്ന വിദ്യാർത്ഥികള്‍ക്ക് സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് നോബൽ കുമാർ. പള്ളിപ്പുറം പഞ്ചായത്തിലെ സാധാരണ കുടുംബത്തിലെ കുട്ടികൾക്കാണ് മുഖം നോക്കാതെയുള്ള നോബലിന്റെ സമ്മാനം എത്തുന്നത്.

പഞ്ചായത്തിലെ പ്രതിസന്ധി നേരിടുന്ന സ്കൂൾ കുട്ടികളുള്ള കുടുംബങ്ങളെ ആദ്യം കണ്ടെത്തും. പിന്നീട് അതിരാവിലെ തന്നെ ഒരോ കിറ്റ് ഈ വീടുകൾക്ക് സമീപം വച്ചിട്ട് പോകും. വീട്ടുകാരെ വിളിച്ച് ഉണർത്താനോ കിറ്റ് കൈമാറുന്ന ചിത്രമെടുക്കാനോ നോബൽ നിൽക്കാറില്ല. കുട്ടികൾ ഉണർന്ന് വരുമ്പോൾ മുറ്റത്തൊരു കിറ്റ് എന്നതാണ് ലക്ഷ്യം. അതിൽ നോട്ട് ബുക്ക്, പേന, പെൻസിൽ, സ്കെയിൽ, കട്ടർ, ബോക്സ്, റബ്ബർ, സ്കെച്ച് പെൻ, ക്രയോൺസ് എന്നിവ ഉണ്ടാകും. ഒപ്പം ഒരു കുറിപ്പും. അതിൽ ‘സ്നേഹപൂർവം നോബൽ..’ എന്ന വാചകവും കാണും. ചിലർ ഫോണിൽ വിളിച്ച് സ്നേഹവും നന്ദിയും പറയുമെന്ന് നോബൽ പറയുന്നു.

ഒരു കിറ്റിന് ഏകദേശം 250 രൂപയോളം ചെലവ് വരും. ഇത്തരത്തിൽ 60 കുടുംബങ്ങളിലെ കുട്ടികൾക്ക് കിറ്റ് എത്തിച്ചു കഴിഞ്ഞു. നോബലും സുഹൃത്തുക്കളും ചേർന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. സഹായം നൽകുന്നവന്റെ മുഖമോ, വാങ്ങുന്നവന്റെ മുഖമോ ഒരു ഫോട്ടോയിൽ പകർത്താൻ കിട്ടില്ല എന്നതാണ് ഈ ആശയത്തെ വേറിട്ട് നിർത്തുന്ന ഒരു കാര്യം.