ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉൽപ്പന്നം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, August 26, 2020

കോഴിക്കോട് രണ്ടിടത്തായി പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉൽപ്പന്നം. സംഭവത്തിൽ യൂത്ത് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ അധികാരികൾക്ക് പരാതി നൽകി.

സർക്കാരിന്‍റെ ഓണക്കിറ്റിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. അശാസ്ത്രീയമായ രീതിയിലുള്ള പാക്കിങ്ങിനെതിരെയും വലിയ വിമർശനങ്ങളാണ് ഭരണകൂടത്തിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് കോഴിക്കോട് നടുവണ്ണൂരിലെ ആര്യയുടെ കുടുംബത്തിനും ലഭിച്ച ഓണകിറ്റിൽ നിരോധിത പുകയില ഉൽപ്പന്നം പ്ലാസ്റ്റിക് കവർ ഉൾപ്പെടെ കണ്ടെത്തിയത്.

കൂടാതെ പെരുവയൽ പൂവാട്ടുപറമ്പു ശാന്തക്ക് ലഭിച്ച ഓണക്കിറ്റിലും നിരോധിത പുകയില ഉൽപ്പന്നത്തിന്‍റെ പായ്ക്ക് ലഭിച്ചതായി പരാതി ഉയർന്നു. ഉൽപ്പന്നങ്ങളുടെ പാക്കിങ്ങിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ വ്യക്തമാക്കി.