വിവാദ ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കുക; നാളെ യൂത്ത് കോണ്‍ഗ്രസ് അഴിമതി വിരുദ്ധ മാര്‍ച്ച്

Jaihind Webdesk
Monday, February 7, 2022

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കുന്ന വിവാദ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക എന്ന ആവശ്യവുമായി നാളെ (08-02-2022) അഴിമതി വിരുദ്ധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

ബിജെപി-സിപിഎം അഴിമതിയുടെ ഇടനാഴിയായി മാറിയ ക്ലിഫ് ഹൗസ്‌ – രാജ്ഭവൻ റൂട്ടിലാണ് മാര്‍ച്ച്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് മാര്‍ച്ച്. അഴിമതിക്കാർ, അഴിമതിക്കാർക്ക് വേണ്ടി, അഴിമതിക്കാരാല്‍ ഒപ്പിട്ട ഓർഡിനൻസ് പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ  മാര്‍ച്ച്. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും  മാര്‍ച്ച് സംഘടിപ്പിക്കുകയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി  അറിയിച്ചു.

സര്‍ക്കാരിന് വഴങ്ങി നിയമസഭയെ നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടി അഴിമതിവിരുദ്ധ പോരാട്ടത്തിന് തിരിച്ചടിയാകുന്നതാണ്. അഴിമതി കേസിൽ മന്ത്രിമാർ മാറിനിൽക്കണമെന്ന് ലോകായുക്ത വിധിച്ചാൽ അത് തള്ളാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് പ്രധാന ഭേദഗതി. ഇതിനാണ് ഗവർണർ അംഗീകാരം നൽകിയിരിക്കുന്നത്. ലോകായുക്തയുടെ മുന്നിലുള്ള കേസുകളിൽ നിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രക്ഷപ്പെടാനാണ് ഭേദഗതിയെന്നാണ് പ്രതിപക്ഷ ആരോപണം.