ബ്ലേഡ് മാഫിയക്കെതിരെ യൂത്ത് കോൺഗ്രസ്; തൃശൂരിൽ പ്രതിഷേധ മാർച്ചിൽ സംഘർഷം

Jaihind Webdesk
Friday, November 11, 2022

തൃശൂര്‍: ബ്ലേഡ് മാഫിയക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. തൃശ്ശൂർ ആദം ബസാറിലെ ക്ലിയർ ആൻഡ് ക്രെഡിറ്റ്സ് എന്ന സ്ഥാപനത്തിലേക്കാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് വെച്ച് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് കണ്ണിന് പരിക്കേറ്റു.
പ്രതിഷേധ മാർച്ച്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

മാസങ്ങള്‍ക്ക് മുന്‍പ് ക്ലിയർ ആൻഡ് ക്രെഡിറ്റ്സ് എന്ന ഈ സ്ഥാപനത്തില്‍ ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,000 ലധികം ബ്ലാങ്ക് ചെക്കുകൾ പിടിച്ചെടുച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള മണി ലെന്‍ഡിങ്ങ് ആക്ട്, ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി സ്ഥാപന ഉടമ ഷാജൻ ആൻ്റണിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
തൃശൂർ നഗരത്തിൽ വളർന്ന് വരുന്ന ബ്ലേഡ് മാഫിയക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.