വർക്കലയില്‍ യുവാവിന് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം; ആക്രമണം ബൈക്കഭ്യാസത്തിനും കഞ്ചാവ് ഉപയോഗത്തിനുമെതിരെ പരാതിപ്പെട്ടതിന്

Jaihind Webdesk
Friday, April 8, 2022

തിരുവനന്തപുരം: വർക്കലയിൽ യുവാവിന് വിദ്യാർത്ഥികളുടെ ക്രൂര മർദനം. വർക്കല ചാവടിമുക്ക് സ്വദേശിയായ അനുവിനാണ് മർദനമേറ്റത്.  കഴിഞ്ഞ മാർച്ച് 31 ന് രാത്രിയിലായിരുന്നു സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

സമീപത്തെ അമ്പലത്തിൽ ഉത്സവം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന അനുവിനെ മുഖത്ത് കല്ലെറിഞ്ഞ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഖത്തെ ഏഴോളം എല്ലുകൾക്ക് പൊട്ടൽ ഉള്ളതുകൊണ്ട് മെഡിക്കൽ കോളജിലേക്കും തുടർന്ന് തിരുവനന്തപുരം എസ്.പി  ഫോർട്ട് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികളുടെ ബൈക്ക് അഭ്യാസ പ്രകടനവും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗവും ചൂണ്ടിക്കാട്ടി സ്‌കൂളിനും പിന്നീട് പോലീസിനും പരാതി നൽകിയെന്ന് ആരോപിച്ചാണ് മർദനമെന്ന് യുവാവിന്‍റെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.