എല്ലാര്‍ക്കും ഹിന്ദി വേണ്ട!! അമിത്ഷായെ തള്ളി യെദ്യൂരപ്പ

Jaihind Webdesk
Monday, September 16, 2019

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവനയ്ക്കെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. സംസ്ഥാനത്ത് കന്നടയക്കാണ് പ്രാധാന്യമെന്നും അതില്‍ വിട്ടു വീഴ്ച്ച ഉണ്ടാവില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നു കമല്‍ഹാസന്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. കര്‍ണ്ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് പ്രധാനപ്പെട്ട ഭാഷയെന്നും യെദ്യൂരപ്പ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

കന്നഡ ഭാഷയെയും സംസ്ഥാനത്തിന്റെ സംസ്‌ക്കാരത്തെയും പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രസ്താവന. അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് അമിത് ഷാ ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നായിരുന്നു മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനും നടനുമായ കമല്‍ഹാസന്റെ പ്രതികരണം. രാജ്യത്തിന്റെ ദേശീയ ഗാനം ബംഗാളിയിലാണ്. എന്നാല്‍ ഇന്ത്യക്കാര്‍ അഭിമാനത്തോടെയാണ് അത് ആലപിക്കുന്നത്. എല്ലാ ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ബഹുമാനം നല്‍കിയതുകൊണ്ടാണ് അതു ദേശീയഗാനമായതെന്നും കമല്‍ പറയുന്നു. ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും ആ ഉറപ്പു ലംഘിക്കാനാകില്ലെന്നും കമല്‍ പറഞ്ഞു.

സാമ്പത്തിക മുരടിപ്പ് അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണു ഹിന്ദി അടിച്ചേല്‍പിക്കാന്‍ വീണ്ടും ശ്രമം നടത്തുന്നതെന്നു കോണ്‍ഗ്രസ്, ഡിഎംകെ, അണ്ണാ ഡിഎംകെ, തൃണമൂല്‍, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍
ആരോപിക്കുന്നു.