പിസി ജോർജിന്‍റേത് സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം : പി കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Sunday, May 1, 2022

വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിസി ജോർജ്ജിന്‍റെ വർഗ്ഗീയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോർജ്ജിന്‍റെ അറസ്റ്റ് സർക്കാർ കൊട്ടിഘോഷിക്കേണ്ടതില്ല. ഇത് സ്വാഭാവികമായും ചെയ്യേണ്ട നടപടിയാണ്. വാർത്താ മാധ്യമങ്ങൾ ഇത്തരം സംഗതികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മിതത്വം പാലിക്കണം. സമൂഹത്തെ ഭിന്നിപ്പിക്കാൻ നടത്തുന്ന തരംതാണ അല്പത്തമാണ് നടക്കുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കും. -അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യയിൽ നടപ്പാക്കുന്ന തരത്തിൽ വർഗീയത വളർത്തി അത് വോട്ടാക്കി മാറ്റാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ശബരിമല വിഷയം വർഗീയമായി ഏറ്റെടുത്തിട്ട് പോലും കേരളത്തിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും നടക്കാത്തതു കൊണ്ടാണ് പച്ചക്ക് വർഗീയത പറയുന്നത്. തീവ്രവികാരം കത്തിച്ച് അതിൽനിന്ന് നേട്ടം കൊയ്യാമെന്ന് കരുതുന്നത് കേരളത്തിൽ നടപ്പാകില്ല. അതുകൊണ്ടാണ് സംഘ്പരിവാർ നേതാക്കൾ ബഹളം വെക്കുന്നത്. സമാധാനത്തിലൂടെ കഴിയുന്ന സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ കഴിയില്ല. ഇത്തരം വിദ്വേഷ പ്രസംഗം ആര് നടത്തിയാലും ആളുടെ വലിപ്പം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കേരളത്തിന്റെ സെക്യുലർ മനസ്സിനെ ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.