വേള്‍ഡ് മലയാളി കൗണ്‍സിലിന് 25-ആം വാര്‍ഷികം : 50 ലക്ഷത്തിന്‍റെ ജീവകാരുണ്യ സഹായം പ്രഖ്യാപിച്ചു ; കാന്‍സര്‍ രോഗികള്‍ക്ക് താമസിക്കാന്‍ കെട്ടിടം ; നിര്‍ധനരായ നൂറ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

B.S. Shiju
Monday, July 20, 2020

ദുബായ് : ലോക മലയാളികളുടെ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് ആകെ അമ്പത് ലക്ഷം രൂപയുടെ ജീവകാരുണ്യ സഹായം പ്രഖ്യാപിച്ചു. ഇതനുസരിച്ച് കാന്‍സര്‍ രോഗികളുടെ ഭക്ഷണത്തിനും താമസത്തിനുമായി 25 ലക്ഷം രൂപയും നിര്‍ധനരായ നൂറ് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനായി 25 ലക്ഷം രൂപയുടെ സഹായവും നല്‍കും.

കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്‍ററിനോട് അനുബന്ധിച്ച് കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി സി.എച്ച് സെന്‍റര്‍ നിര്‍മിക്കുന്ന കെട്ടിടത്തിനായിട്ടാണ് 25 ലക്ഷം രൂപ മുടക്കുന്നത്. ഇപ്രകാരം ഈ കെട്ടിടത്തിലെ അഞ്ച് മുറികളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ നിര്‍മിച്ച് നല്‍കുന്നത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ തൃശൂര്‍ സ്വദേശി  ഫാദര്‍ ഡേവീസ് ചിറമ്മല്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്കായി 25 ലക്ഷം രൂപ വേറെ നല്‍കും. കാല്‍ ലക്ഷം രൂപ വീതം നൂറ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന ആകെ 25 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ഇപ്രകാരം കൊവിഡ് സങ്കടക്കാലത്ത് ഡബ്ല്യു.എം.സി  കൂട്ടായ്മ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് അരക്കോടിയുടെ രണ്ട് മികച്ച ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. പി.എം ഇബ്രാഹിം ഹാജി,  ഗ്‌ളോബല്‍ വൈസ് പ്രസിഡന്‍റ് ജോണ്‍ മത്തായി എന്നിവര്‍ ദുബായിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇതോടൊപ്പം വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ മിഡില്‍ ഈസ്റ്റ് ഘടകം ആഘോഷിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മീറ്റിംഗ് വഴി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഫാദര്‍ ഡേവീസ് ചിറമ്മല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി.എം ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.സി മിഡില്‍ ഈസ്റ്റ് പ്രസിഡന്‍റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂ ജെഴ്‌സ് ആസ്ഥാനമായി ആരംഭിച്ച കൂട്ടായ്മയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. നിലവില്‍ അമേരിക്കയ്ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ഫാര്‍ഈസ്റ്റ്, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.