വൃദ്ധയെ കെട്ടിയിട്ട് കവര്‍ച്ച; 11 പവനും പണവും കവര്‍ന്നു

Jaihind Webdesk
Thursday, December 6, 2018

തിരുവനന്തപുരം: ബാലരാമപുരത്ത് 80 വയസ്സുകാരിയെ കെട്ടിയിട്ട് മര്ദ്ദിച്ച് കവര്‍ച്ച നടത്തി. ശരീരത്തിലണിഞ്ഞിരുന്ന ആഭരണങ്ങളുള്‍പ്പെടെ പതിനൊന്ന് പവന്‍ മോഷ്ടിച്ചു. വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുവന്നവരാണ് ഇതിന് പിന്നിലെന്ന് രത്‌നമ്മ പോലീസിന് മൊഴി നല്‍കി. രത്മനമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

തുണികൊണ്ട് വായും മുഖവും മറച്ചതിന് ശേഷം ബോധംകെടുന്നതിനായി സ്‌പ്രേ ഉപയോഗിച്ചു. എന്നാല്‍ ബോധംനശിക്കാതായതോടെ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടില്‍ രണ്ടംഗസംഘമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷ്ടാക്കള്‍ വാതില്‍ പൊളിച്ച് അകത്തുകയറിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വൃദ്ധയെ പുലര്‍ച്ചെ നാലുമണിയോടുകൂടി അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലോട് സ്വദേശിയായ രാജേഷ് എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.