കൊല്ലം ജില്ലാ ആശുപത്രിയിൽ പിൻവാതിൽ നിയമനം തകൃതി; എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് നോക്കുകുത്തി

Jaihind Webdesk
Sunday, January 15, 2023

 

കൊല്ലം: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി കൊല്ലം ജില്ലാ ആശുപത്രിയിൽ വ്യാപക പിൻവാതിൽ നിയമനങ്ങൾ നടക്കുന്നതായ പരാതി ഉയരുന്നു. ഇത് സംബന്ധിച്ചു ഉയർന്ന പരാതിയെ തുടർന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക പരിശോധനയിൽ വഴിവിട്ട നിയമനങ്ങൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചു. ഇതോടെ ഇടത് നിയന്ത്രണത്തിലുള്ള ആശുപത്രി മനേജ്മെന്‍റ് കമ്മിറ്റി രാഷ്ട്രീയ പിൻബലത്തിൽ തുടരന്വേഷണം തടയിടുവാനുള്ള നീക്കങ്ങളും ശക്തമാക്കി.

കൊല്ലം ജില്ലയിൽ 3 ലക്ഷത്തിൽ അധികം ഉദ്യോഗാർത്ഥികൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കെയാണ് ജില്ലാ ആശുപ്രതിയിൽ വ്യാപക പിൻവാതിൽ നിയമന പരാതി ഉയരുന്നത്. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമിക പരിശോധനയിൽ വഴിവിട്ട നിയമനങ്ങളെ സംബന്ധിച്ച ചില തെളിവുകൾ ലഭിച്ചു. മതിയായ യോഗ്യത ഇല്ലാത്ത വരെ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി നിയമിച്ചതായിട്ടാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ഇവർ മറ്റ് തസ്തികകളിലാണ് ജോലി ചെയ്യുന്നതെന്ന വിശദീകരണമാണ് ആശുപത്രി സൂപ്രണ്ട് നൽകിയത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ വിവിധ തസ്തികകളിൽ 260 പേരെ ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റി നിയമിച്ചിട്ടുള്ളതായ പരാതികളാണ് ഉയരുന്നത്. ഇത് സംബന്ധിച്ച് വീണ്ടും വിശദമായ പരിശോധന നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും ഇടത് നിയന്ത്രണത്തിലുള്ള മാനേജിംഗ് കമ്മിറ്റിക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന സൂചനയാണ് ഉയരുന്നത്. നേരത്തെ ആശുപത്രി നിയമങ്ങൾ തങ്ങളെ അറിയിച്ചു നടത്തണമെന്ന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്  പലതവണ കത്ത് നൽകിയപ്പോൾ എംപ്ലോയ്മെന്‍റ് ഓഫീസർക്കെതിരെ കടുത്ത വിമർശനമുയർത്തിയാണ് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ഇതിനെ പ്രതിരോധിച്ചിരുന്നത്. സമാനമായ രീതിയിലുള്ള പ്രതിരോധം ഉയർത്തി ഉദ്യോഗസ്ഥ അന്വേഷണത്തെ നിഷ്പ്രഭമാക്കുവാനാണ് നീക്കം നടത്തുന്നത്. ഇതിനുപുറമേ പാരിപ്പള്ളി മെഡിക്കൽ കോളേജിലും സമാനമായ രീതിയിൽ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി പിൻവാതിൽ നിയമങ്ങൾ നടത്തുന്നതായ പരാതിയാണ് ഉയരുന്നത്.