കെഎസ്ആർടിസിയില്‍ ജനപ്രതിനിധികള്‍ക്ക് സൗജന്യയാത്ര എന്തിന്? ചോദ്യവുമായി ഹൈക്കോടതി

Jaihind Webdesk
Tuesday, October 25, 2022

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ എംപിമാര്‍ക്കും എംഎല്‍എമാരുടെയും സൗജന്യ യാത്ര ചോദ്യം ചെയ്ത് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം സൗജന്യ യാത്രാ പാസ് നല്‍കണമെന്നും കോടതി നിർദേശിച്ചു. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് എന്തിനാണെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ്  കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതെന്നായിരുന്നു ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ചോദ്യം. അംഗപരിമിതർ ഉള്‍പ്പെടെ സാമ്പത്തികമായി വളരെ താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കും വിദ്യാർത്ഥികള്‍ക്കും ഉള്‍പ്പെടെ അർഹതപ്പെട്ടവർക്ക് മാത്രമായി പാസ് ചുരുക്കണം. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് ജനപ്രതിനിധികള്‍ക്ക് സൗജന്യ പാസെന്നും കോടതി ആരാഞ്ഞു.