വയനാട് മെഡിക്കല്‍ കോളേജിന് സൗജന്യ സ്ഥലമുള്ളപ്പോള്‍ വില കൊടുത്ത് ഭൂമി വാങ്ങുന്നതെന്തിന്? രമേശ് ചെന്നിത്തല 

Jaihind Webdesk
Saturday, August 24, 2019

തിരുവനന്തപുരം: വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സൗജന്യമായി ലഭിച്ച കല്പറ്റ വില്ലേജിലെ 50 ഏക്കര്‍ ഉള്ളപ്പോള്‍ വലിയ വില കൊടുത്ത് വേറെ ഭൂമി വാങ്ങുന്നതെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2015 ലാണ് മെഡിക്കല്‍ കോളേജിനായി ഈ ഭൂമി സര്‍ക്കാരിന് സൗജന്യമായി ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അവിടെ തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ നടപടികള്‍ക്ക് തയ്യാറാവാതെ ഇടതു സര്‍ക്കാര്‍ ചേലോട്ടെ എസ്‌റ്റേറ്റ് വില കൊടുത്തു വാങ്ങാനാണ് ശ്രമം നടത്തുന്നത്. സംസ്ഥാനം ഇത്രയും സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോള്‍ ഇത്ര വന്‍ഭാരം കൂടി തലയിലേറ്റുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.