വാട്സ് ആപ്പ് ചോർത്തലില്‍ ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇസ്രായേലി ചാരഗ്രൂപ്പ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അടക്കം വാട്സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രിയങ്ക രംഗത്തെത്തിയത്. ഇത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
‘മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയക്കാരുടെയും ഫോണിലെ വിവരങ്ങള്‍ ചോർത്താന്‍ ബി.ജെ.പിയോ സര്‍ക്കാരോ ഇസ്രയേലി ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ അഴിമതിയുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
If the BJP or the government has engaged Israeli agencies to snoop into the phones of journalists, lawyers, activists and politicians, it is a gross violation of human rights and a scandal with grave ramifications on national security. Waiting for the government’s response.
— Priyanka Gandhi Vadra (@priyankagandhi) November 1, 2019
ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എസ്.ഒ എന്ന സൈബർ ഇന്റലിജൻസ് സ്ഥാപനം നിർമ്മിച്ച പെഗാസസ് സോഫ്റ്റ്വെയറാണ് ഉപയോഗിച്ചാണ് നിരവധി പേരുടെ വാട്സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയത്. ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സൈബർ ആക്രമണത്തിന് മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും അഭിഭാഷകരും ഉള്‍പ്പെടെയുള്ളവർ ഇരകളായി. പെഗാസസ് ആക്രമണത്തിന് വിധേയമായ ഫോണിന്റെ ക്യാമറ, മൈക്രോഫോണ്‍ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന സോഫ്റ്റ്വെയറാണ് പെഗാസസ്.
20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്സ് ആപ്പ് വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സ് ആപ്പ് യു.എസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ പുറത്തുവന്നത്. 2019 മെയ് വരെ ഇന്ത്യന്‍ യൂസര്‍മാരെയും ചാരന്മാര് നിരീക്ഷിച്ചിരുന്നെന്ന് വാട്സ് ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലി കമ്പനിക്കെതിരെ സാന്‍ ഫ്രാന്‍സിസ്കോയിലെ കോടതിയില്‍ വാട്സ് ആപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.